പണത്തെച്ചൊല്ലി ഭർത്താവുമായി വഴക്ക്; എട്ടു വയസ്സുകാരനെ യുവതി കനാലിലെറിഞ്ഞു

  • 29/12/2022

ഹോഷിയാർപൂർ: പഞ്ചാബില്‍ പണത്തെ ചൊല്ലി ഭർത്താവുമായി നിരന്തരം വഴക്കുണ്ടായതിനെ തുടർന്ന് എട്ടു വയസ്സുള്ള മകനെ യുവതി കനാലിലെറിഞ്ഞു. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഉച്ചി ബസ്സി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ വധൈയാൻ ​സ്വദേശിയായ റീനാ കുമാരിയെയാണ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

2012ലാണ് റീനാകുമാരിയും രവികുമാറും വിവാഹിതരാകുന്നത്. ഇവർക്ക് 10 വയസ്സുള്ള മകളും എട്ടു വയസ്സുള്ള മകനുമാണുള്ളത്. റീനാകുമാരിയുടെ ഭർത്താവ് ജോലിക്കായി ഈ വർഷം മാലിദ്വീപിലേക്ക് പോയി. ഭർത്താവുമായി ഫോണിൽ വഴക്കിടുകയും പണം അയച്ചില്ലെങ്കിൽ കുട്ടികളെ കനാലിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബർ 25ന് രാത്രിയും റീന കുമാരി ഭർത്താവുമായി ഫോണിൽ വഴക്കിട്ടിരുന്നു. 

റീനാകുമാരി മകനെയും കൂട്ടി ഉച്ചി ബസാർ‌ കനാലിന് സമീപത്തേക്ക് പോയതായി ബന്ധുവായ രാജ്കുമാർ അറിഞ്ഞു. ഇതേ തുടർന്ന് രാജ്കുമാറും പിതാവും ചേർന്ന് അമ്മയെയും മകനെ തെരഞ്ഞിറങ്ങി. കനാലിന്റെ തീരത്ത് ഒരമ്മയും മകനും ഇരിക്കുന്നതായി വഴിയാത്രക്കാര്‍ പറഞ്ഞ് ഇവര്‍ അറിഞ്ഞു. റീനാ കുമാരി മകനെ കനാലിൽ എറിഞ്ഞ ശേഷം ഇവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി കനാലിൽ മുങ്ങിമരിച്ചതാകാമെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യകതമാക്കി.

Related News