ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങില്‍ 'ജയ് ശ്രീറാം' വിളി; സ്റ്റേജിൽ കയറാതെ പ്രതിഷേധിച്ച് മമത ബാനർജി

  • 30/12/2022

കൊല്‍ക്കത്ത: ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയായി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. ഹൗറ-ന്യൂ ജല്‍പായ്ഗുരി യാത്രയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് വേദിയില്‍ കയറാന്‍ മമത വിസമ്മതിച്ചത്. പരിപാടിക്കെത്തുമ്ബോള്‍ 'ജയ് ശ്രീറാം' മുഴക്കിയതാണ് മമതയെ ചൊടിപ്പിച്ചത്.


ഇന്നു രാവിലെ ഹൗറ റെയില്‍വേ സ്റ്റേഷനിലായിരുന്നു ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസിന്റെ ഉദ്ഘാടനം. പരിപാടിക്കായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, പരിപാടിക്കായി മമത എത്തുമ്ബോഴായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' മുഴക്കിയത്.

ഇതോടെ ക്ഷോഭിച്ച മമത വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ, കേന്ദ്ര മന്ത്രി പ്രവര്‍ത്തകരെ നിയന്ത്രിച്ചെങ്കിലും മമത വഴങ്ങിയില്ല. പലവട്ടം മന്ത്രിയും ഗവര്‍ണറും വേദിയില്‍ കയറണമെന്ന് അപേക്ഷിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. വേദിക്കു പുറത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.

Related News