ഭാര്യ ഒളിച്ചോടി; ഭാര്യയുടെ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊന്നു

  • 31/12/2022

ഗാസിയാബാദ്: ഭാര്യ ഒളിച്ചോടിയതിന്‍റെ വൈരാഗ്യത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദിലാണ് സംഭവം. ലോണി ന്യൂ വികാസ് നഗര്‍ സ്വദേശി മംഗേറാ(60)മിനെയാണ് സമീപവാസിയായ സുനില്‍(27) വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഭാര്യയാണ് മംഗേറാമിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായി. ഇതിനു പിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയത്. 

പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. പ്രതിയെ ഭാര്യ നേരിട്ടു കണ്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ സുനില്‍ ആണെന്ന് ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും സുനില്‍ ഭാര്യയെ അന്വേഷിച്ച് വിളിച്ചിരുന്നതായി മംഗേറാമിന്റെ ഭാര്യ മൊഴി നല്‍കി. 

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്‍കി. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.

Related News