രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ല: നിതീഷ് കുമാര്‍

  • 01/01/2023

ദില്ലി: രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാകുമെന്ന കമല്‍നാഥിന്‍്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.ജോഡോ യാത്രയോടെ രാഹുല്‍ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമല്‍നാഥ് അവകാശപ്പെട്ടത്.


അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു . രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.ഇതിനിടെ ഗുലാംനബി ആസാദ് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ എഐസിസി നേതൃത്വം തള്ളി.

മറ്റന്നാള്‍ മുതല്‍ തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള വേദിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്.

അഖിലേഷ് യാദവ്, മായാവതി,കശ്മീരിലെ ഗുപ്കര്‍ സഖ്യനേതാക്കളായ ഫറൂക്ക് അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരെ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.ശക്തമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപിക്ക് തെരഞ്ഞെടുപ്പുകള്‍ വെല്ലുവിളിയാകുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.ജനങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ മുന്‍പോട്ട് വയ്ക്കാന്‍ പ്രതിപക്ഷത്തിനാകണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Related News