കാർ സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണന്ത്യം: ടയറിനിടയില്‍ കുടുങ്ങിയ യുവതിയെ വലിച്ചിഴച്ചത് കിലോമീറ്ററുകളോളം

  • 01/01/2023

ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച്‌ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. അമന്‍ വിഹാര്‍ സ്വദേശിനിയായ 20 കാരിയാണ് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിച്ച കാര്‍ ടയറിനിടയില്‍ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച്‌ കൊണ്ടുപോയി. ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ അര്‍ദ്ധരാത്രിയില്‍ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


അപകടത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ 3.45 ഓടെ യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുെ സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച്‌ കൊണ്ടുപോയി. അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

Related News