നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികൾ; നിർണായക സുപ്രിംകോടതി വിധി ഇന്ന്

  • 01/01/2023

നോട്ട് അസാധുവാക്കൽ ഹർജ്ജികളിലെ വിധി ഇന്ന് സുപ്രിം കോടതി പറയും. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 

ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ പത്തരമണിയോടെ വിധഇ വരും. സാമ്പത്തിക വിഷയങ്ങളിൽ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴായിരുന്നു ഭരണ ഘടനാ ബഞ്ചിന്റെ ലക്ഷ്മണ രേഖാ പരാമർശം. ലക്ഷ്മണരേഖ ഉണ്ടെന്ന് അറിയാമെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ കൈയ്യും കെട്ടി നോക്കി ഇരിക്കാൻ സാധിയ്ക്കില്ലെന്നുമായിരുന്നു സുപ്രിംകോടതി പരാമർശം.

കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി. സി.പി.ഐ, ത്യശൂർ, ഇടുക്കി ജില്ലാ സഹകരണബാങ്കുകൾ, പാപ്പിനിശ്ശേരി മൌവ്വചേരി മാടായ് സർവ്വീസ് സഹകരണബാങ്കുകൾ ഉൾപ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹർജ്ജിക്കാർ.

Related News