ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുന്നു

  • 01/01/2023

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) ആണ് കണക്ക് പുറത്തുവിട്ടത്. നവംബറില്‍ എട്ട് ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.96ല്‍ നിന്ന് 10.09 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണമേഖലയില്‍ 7.55 ശതമാനത്തില്‍നിന്ന് 7.44 ശതമാനമായി കുറഞ്ഞു.


ഹരിയാനയാണ് തൊഴിലില്ലായ്മയില്‍ മുന്നില്‍- 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ്- 0.9 ശതമാനം. കൂടാതെ, ഡല്‍ഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കമാണ്. ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളില്‍പെട്ടത് ഹരിയാന കൂടാതെ രാജസ്ഥാന്‍ 28.5, ഡല്‍ഹി 20.8, ബിഹാര്‍ 19.1, ഝാര്‍ഖണ്ഡ് 18 എന്നിവയാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒഡിഷക്ക് പുറമെ മഹാരാഷ്ട്ര 3.1, മേഘാലയ 2.7, കര്‍ണാടക 2.5, ഗുജറാത്ത് 2.3 എന്നിവയാണ്. കേരളത്തില്‍ 7.4 ശതമാനമാണ്

തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കുറഞ്ഞതായാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍.എസ്.ഒ) നവംബറില്‍ പുറത്തിറക്കിയ ത്രൈമാസ കണക്കുകള്‍ പറയുന്നത്. തൊഴില്‍ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയര്‍ന്നതിനാല്‍ തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനയില്‍ കുഴപ്പമില്ലെന്ന് സി.എം.ഐ.ഇ എം.ഡി മഹേഷ് വ്യാസ് പറഞ്ഞു. 12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്. അതുപോലെ ഡിസംബറിലെ തൊഴില്‍നിരക്ക് 37.1 ശതമാനമായി കൂടി. ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News