നോട്ട് നിരോധനം: നടപടി ശരിവെച്ച് സുപ്രീംകോടതി, ഭിന്നിച്ച് ജസ്റ്റിസ് ബിവി നാഗരത്ന

  • 02/01/2023

ദില്ലി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച്‌ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബര്‍ 16 ന് നിരോധനത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളില്‍ 2022 സിസംബര്‍ ഏഴിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബര്‍ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആര്‍ട്ടികിള്‍ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളില്‍ കോടതി ഇടപെടല്‍ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു.

Related News