മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേയുടെ ആകാശപരിശോധന പൂര്‍ത്തിയായി

  • 05/01/2023

ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേയുടെ (എന്‍.എച്ച്‌ 275) ആകാശപരിശോധന പൂര്‍ത്തിയായി.കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഹെലികോപ്ടറില്‍ വ്യാഴാഴ്ച രാവിലെ ആകാശനിരീക്ഷണം നടത്തിയത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി സി.സി. പാട്ടീല്‍, മൈസൂരു-കുടഗ് എം.പി പ്രതാപ് സിംഹ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സംബന്ധിച്ച്‌ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലുമാണ് ഗഡ്ഗരിയുടെ പരിശോധന.

പാതയില്‍നിന്ന് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ആവശ്യമായ വഴികളില്ലെന്നും പ്രവൃത്തിയില്‍ ഗുണനിലവാരമുള്ള സാമഗ്രികള്‍ കരാറുകാര്‍ ഉപയോഗിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് രാമനഗര ഭാഗം വെള്ളക്കെട്ടില്‍ മുങ്ങുകയും ചെയ്തു.

പാത പൂര്‍ണമായും തുറക്കുന്നതോടെ മൈസൂരു-ബംഗളൂരു യാത്രക്ക് ഒന്നരമണിക്കൂര്‍ മതിയാകും. നിലവില്‍ നാലുമണിക്കൂറോളം വേണം. അതേസമയം, ഭാഗികമായി നിര്‍മാണം പൂര്‍ത്തിയായ ഭാഗം നേരത്തേ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എട്ടുകിലോമീറ്റര്‍ തൂണുകളിലൂടെ നിര്‍മിക്കുന്ന പാതയില്‍ ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, നാല് റെയില്‍വേ മേല്‍പാലങ്ങള്‍, അഞ്ചു ബൈപാസുകള്‍ എന്നിവയുണ്ടാകും.

Related News