വിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസ്: പ്രതി ശങ്കര്‍ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ദില്ലി പൊലീസ്

  • 06/01/2023

ദില്ലി: ന്യൂയോര്‍ക്ക് ദില്ലി വിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ദില്ലി പൊലീസ്. വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിന് നല്‍കിയത്. മുംബൈയില്‍ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വിലാസമാണ് സ്വന്തം മേല്‍വിലാസമായി പ്രതി നല്‍കിയത്.


എന്നാല്‍ ഇയാള്‍ താമസിക്കുന്നത് ലക്നൌവിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ എയര്‍ ഇന്ത്യയുടെ വീഴ്ച എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. തനിക്ക് നേരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നാണ് പരാതിക്കാരി പറയുന്നത്.

കേസിലെ പ്രതിയായ ശങ്കര്‍ മിശ്ര ഒരു അമേരിക്കന്‍ കമ്ബനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍്റാണ്. മുംബൈയില്‍ എത്തിയ ദില്ലി പൊലീസ് സംഘത്തിന് ഇയാളെ കണ്ടെത്താനായിട്ടില്ല. എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവം കൈകാര്യംചെയ്തതില്‍ വീഴ്ച സംഭവിച്ചതിന് എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് ഡയറക്ടറ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും അത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

Related News