ദില്ലിയില്‍ കനത്ത പുകമഞ്ഞില്‍ ബുദ്ധിമുട്ടി ജനം; വിമാന സര്‍വീസുകള്‍ വൈകും

  • 06/01/2023

ദില്ലി: ദില്ലിയില്‍ കനത്ത പുകമഞ്ഞില്‍ ബുദ്ധിമുട്ടി ജനം. ദില്ലി വിമാനത്താവളം യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കാഴ്ച ദൂരപരിധി കുറഞ്ഞതിനാല്‍ വിമാന സര്‍വീസുകള്‍ വൈകും. വിമാന കമ്ബനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ താപനിലയും താഴ്ന്നു. ഇപ്പോള്‍ മൂന്ന് ഡിഗ്രിയില്‍ താഴെയാണ് താപനില.


വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നില്‍ പോകുന്ന വാഹനം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയുണ്ട്. രാവിലെ എട്ട് മണിക്ക് ശേഷമേ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില സംബന്ധിച്ച്‌ അറിയിപ്പ് പുറത്തുവരൂ. പുകമഞ്ഞ് ദില്ലിയില്‍ അഞ്ച് ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

ദില്ലിയില്‍ കാഴ്ചപരിധി 25 മുതല്‍ 50 മീറ്റര്‍ വരെയായി കുറഞ്ഞു. പുകമഞ്ഞിനെ തുടര്‍ന്ന് ഇന്നലെ വിമാനങ്ങള്‍ വൈകിയിരുന്നു. ലോധി റോഡ് മേഖലയിലാണ് താപനില സീസണിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയത്. പുകമഞ്ഞ് കനത്തതോടെ നിരവധി ട്രയിനുകള്‍ വൈകിയോടുന്നുണ്ട്. വിമാന സര്‍വീസുകളും വൈകുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. ശ്രീനഗറിലും, ഗുവാഹത്തിയിലും, കൊല്‍ക്കത്തയിലും മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉത്തരാഖണ്ഡിലും , കശ്മീരിലും മിക്ക ഇടങ്ങളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത മൂന്ന് ദിവസം ശൈത്യ തരംഗം രൂക്ഷമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

Related News