ഇടതുപക്ഷ സർക്കാർ മത മൂല്യങ്ങളെ എതിർത്തു കൊണ്ട്‌ മത നിരാസത്തിന്റെ വഴി തുറക്കാൻ ശ്രമിക്കുന്നു- രണ്ടത്താണി

  • 08/01/2023


കുവൈത്ത് സിറ്റി: മത മൂല്യങ്ങളെ എതിർത്തു കൊണ്ട്‌ മത നിരാസത്തിന്റെ വഴി തുറക്കാനും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുമുള്ള വ്യഗ്രതയാണു കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന അപജയങ്ങളെന്ന് മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനുള്ള ഐക്യദാർഢ്യ - മുസ്ലിംലീഗ് ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ മദ്യാസക്തി വർദ്ധിപ്പിച്ചും ജെന്റർ സാമൂഹ്യ നിർമ്മിതിയാണെന്ന വാദമുയർത്തിപ്പിടിച്ച്‌ പഠന പരിഷ്ക്കരണങ്ങൾ നടത്തിയും കുരുന്നുകളുടെ കലോൽസവവേദികളിൽ പോലും മത ചിഹ്നങ്ങളും വേഷ വിധാനങ്ങളും തീവ്രവാദികളുടെ അടയാളമായി ചിത്രീകരിച്ചുമൊക്കെ കേരളത്തിലെ ഇടതു സർക്കാർ എടുക്കുന്ന നിലപാടുകൾ പ്രവാസി സമൂഹം ഭീതിയോട്‌ കൂടിയാണു കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വം ഇന്ത്യയുടെ സംസ്‌കാരമാണ്, അത് ഭരണഘടന നൽകുന്ന അവകാശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത് ഉദ്‌ഘാടനം ചെയ്തു. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പകരുന്നതിനെതിരെ ഡോ.സലിം കുണ്ടുങ്ങൽ ക്‌ളാസ് എടുത്തു. ലഹരിക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഡോ.സലിം ഉദ്‌ബോധിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ഫാസ് മുഹമ്മദലി ആശംസകളർപ്പിച്ചു. മലപ്പുറം ജില്ലാ ഭാരവാഹികളായ ഇല്യാസ് വെന്നിയൂർ, മുഹമ്മദ് അബ്ദുൽ സത്താർ, ശറഫുദ്ധീൻ കുഴിപ്പുറം എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

അബ്ദുറഹിമാൻ രണ്ടത്താണിക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാനും ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ ഹമീദ് മൂടാലും കൈമാറി. ഡോ.സലിം കുണ്ടുങ്ങലിനെ മൊമെന്റോ ശറഫുദ്ധീൻ കണ്ണേത്ത് നൽകി. മികച്ച സേവനപ്രവർത്തനം നടത്തുന്ന ഐ.ടി. വിംഗ്, ഹെല്പ് ഡെസ്ക് വിംഗ് ജനറൽ ജനറൽ കൺവീനർമാരായ ഇല്യാസ് വെന്നിയൂരിനും അജ്മൽ വേങ്ങരക്കുമുള്ള മൊമെന്റോ രണ്ടത്താണി നൽകി. കോവിഡ് കാലത്തെ മികച്ച സേവനത്തിനു ജാഫർ പറമ്പാട്ടിനെയും മുജീബ് ചേകന്നൂരിനെയും ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ എഞ്ചിനീയർ മുഷ്താഖ്, എം.ആർ നാസർ, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ.കെ.ഖാലിദ് ഹാജി, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, ശഹീദ് പാട്ടില്ലത്, റസാഖ് അയ്യൂർ മറ്റു ജില്ലാ-മണ്ഡലം ഭാരവാഹികൾ, ഇസ്ലാമിക കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി, സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ട്രഷറർ അയൂബ് നന്ദിയും പറഞ്ഞു.

(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനുള്ള ഐക്യദാർഢ്യ - മുസ്ലിംലീഗ് ആദർശ സമ്മേളനത്തിൽ മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തുന്നു.)

Related News