സ്ത്രീ കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നു, വാഹനം നിർത്താത്തത് ഭയന്നിട്ട്; അഞ്ജലി കേസിൽ മൊഴിമാറ്റി പ്രതികൾ

  • 08/01/2023

ദില്ലി: ഒരു സ്ത്രീ കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് സ്‌കൂട്ടറിലിടിച്ച്‌ സ്ത്രീയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച, അഞ്ജലി സിംഗ് കേസിലെ പ്രതികള്‍. സ്ത്രീ കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയന്നാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ തങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇക്കാരണത്താലാണ് അവര്‍ കാര്‍ നിര്‍ത്താഞ്ഞതെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.


ദില്ലിയിലെ കഞ്ജവാല മേഖലയില്‍ കാര്‍ ഒന്നിലധികം തവണ യു-ടേണ്‍ എടുത്തിരുന്നു. സുല്‍ത്താന്‍പുരിയില്‍ നിന്ന് അമിത വേഗതയിലെത്തിയാണ് കാര്‍ സ്ത്രീയെ വലിച്ചിഴച്ചത്. പ്രതികള്‍ ഭയന്നിരുന്നതിനാല്‍ യുവതിയുടെ മൃതദേഹം താഴെ വീഴുന്നതുവരെ വാഹനം ഓടിച്ചു. കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നെന്നും അതിനാല്‍ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് നേരത്തെ പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയപ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും പ്രതികള്‍ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രതികള്‍ പറയുന്നത്.

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 20 കാരിയായ യുവതിയെ കാര്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടാവുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു. അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിന്‍ നിസാര പരിക്കുകളോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം വലിയ കോളിളക്കമുണ്ടാക്കുകയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കേസിലെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍, അശുതോഷ് (കാറിന്റെ ഉടമ), അങ്കുഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Related News