ഭൂമി ഇടിഞ്ഞു താഴുന്നു; ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി, കുടുംബങ്ങളെ പുനരധിവസിപ്പിക്കും

  • 08/01/2023

ദില്ലി: ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ ഉത്തരാഖണ്ഡിലെ ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങളാരാഞ്ഞ പ്രധാനമന്ത്രി, പ്രശ്ന പരിഹാരത്തിന് അടിയന്തര നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസ ക്രമീകരണങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.


ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ച്‌ ചേ‍ര്‍ത്തിട്ടുണ്ട്. സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയും ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.

ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ടു തുടങ്ങി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിടട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു.

Related News