ജോഷിമഠിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനം : ജനങ്ങളെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം

  • 08/01/2023

ഡെറാഢൂൺ: ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന മേഖലകൾ ഇന്ന് ബോർഡർ സെക്രട്ടറിയും, ദേശിയ ദുരന്ത നിവാരണ സേന അംഗങ്ങളും, സന്ദർശിക്കും. ജനങ്ങളെ മാറ്റി താമസിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉന്നതല യോഗം ചേർന്ന ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഐഐടി റുർക്കി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിങ്ങനെ 7 സെന്ററുകൾ പ്രശ്‌നപരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. മാറ്റി താമസിപ്പിക്കുന്നവർക്കായി താൽക്കാലിക വീടുകൾ ഉണ്ടാക്കി നൽകാനും ആലോചനയുണ്ട്.അതേസമയം പ്രശ്‌നം ബാധിച്ച ഇടങ്ങളിൽ നിന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാാണ്.

വീടുകളിൽ വലിയ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക്. ഒരു വർഷമായി ജീവനും കൈയിൽ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങൾ. അതി ശൈത്യത്തിൽ ഭൗമ പ്രതിഭാസത്തിൻറെ തീവ്രതയും കൂടി. പല വീടുകളും നിലംപൊത്തി, റോഡുകൾ വിണ്ടു കീറി. രണ്ട് വാർഡുകളിൽ കണ്ടു തുടങ്ങിയ പ്രശ്‌നം പത്തിലേറെ വാർഡുകളിൽ ഭീഷണിയായതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.

ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടു. പിന്നാലെ സംസ്ഥാന സർക്കാർ നടപടികൾക്ക് വേഗമായി. ദുരിതബാധിത മേഖലകൾ കഴിഞ്ഞ ദിവസം സന്ദർശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തിൽ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടൻ മാറ്റി പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദ്ദേശം നൽകിയത്

വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ ആറംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോർട്ട് കൈമാറും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജലക്കമ്മീഷൻ, പരിസ്ഥിതിമന്ത്രാലയ പ്രതിനിധികളാണ് ജോഷിമഠിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇതിനിടെ ജോഷിമഠിനെ സംരക്ഷിക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകൾ പരാജയപ്പെട്ടെന്നാരോപിച്ചാണ് ശങ്കരാചാര്യമഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയിലെത്തിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ജനങ്ങൾക്ക് നഷ്ടപരിഹാരം നേടിയെടുക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം.

Related News