ഉച്ചഭക്ഷണത്തില്‍ പാമ്പ്; ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 10/01/2023

കൊല്‍ക്കത്ത: സ്കൂളില്‍ നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്ബിനെ കണ്ടെത്തി. പ‌ശ്ചിമ ബംഗാളിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നല്‍കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച്‌ അവശനിലയിലാകുകയായിരുന്നു. പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ പാമ്ബിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂര്‍ഘട്ട് മെഡിക്കല്‍ കോളജിലെത്തിച്ചു.


സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി പരാതി ലഭിച്ചതായി മയൂരേശ്വര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ജാന അറിയിച്ചു. ജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചെന്നും ഉടന്‍ തന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.

എന്നാല്‍ നിലവില്‍ ഒരു കുട്ടി മാത്രമാണ് ചികിത്സയിലുള്ള ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. ഭക്ഷണത്തില്‍ പാമ്ബിനെ കണ്ടെത്തിയതിന് പിന്നാലെ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.

Related News