വീണ്ടും നരബലി: സ്വത്ത് സമ്പാദിക്കാനായി ക്രൂരകൃത്യം ചെയ്തതിൽ പ്രായപൂർത്തിയാക്കാത്തയാളും

  • 11/01/2023

സില്‍വാസ: രാജ്യത്തെ നടുക്കി വീണ്ടും നരബലി. സ്വത്ത് സമ്ബാദിക്കാനായി ഒമ്ബത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കി.തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയും ചെയ്തു. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്.


സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 29 ന് കേന്ദ്രഭരണ പ്രദേശത്തിലെ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (ഡിഎന്‍എച്ച്‌) ജില്ലയിലെ സെയ്‌ലി ഗ്രാമത്തില്‍ നിന്നാണ് ഒമ്ബത് വയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് ഡിസംബര്‍ 30 ന് സില്‍വാസ പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് സില്‍വാസയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വാപിയില്‍ നിന്ന് തലയില്ലാത്ത ശരീരം കണ്ടെത്തുകയായിരുന്നു. ഷൈലേഷ് കോഹ്‌കേര (28), രമേശ് സന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ബലി നല്‍കിയതെന്ന് കരുതപ്പെടുന്ന സെയ്‌ലി ഗ്രാമത്തില്‍ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ 29 ന് സെയ്‌ലി ഗ്രാമത്തില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടാളിയുടെ സഹായത്തോടെ നരബലിയായി കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും പൊലീസിന് സാധിച്ചു. സുഹൃത്തായ ഷൈലേഷ് കോഹ്‌കേരയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ സഹായിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

രമേശ് സന്‍വാറും ഗൂഢാലോചനയുടെ ഭാഗമായി. സമ്ബത്ത് കുമിഞ്ഞ് കൂടുമെന്ന് വിശ്വസിച്ചാണ് ഇയാള്‍ നരബലിക്ക് പ്രേരിപ്പിച്ചത്. ജനുവരി മൂന്നിനാണ് കൊഹ്‌കേരയെയും സാന്‍വറിനെയും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ സെയ്‌ലി ഗ്രാമത്തിലെ കോഴിക്കടയില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ താപി ജില്ലയിലെ കപ്രദ താലൂക്കിലെ കര്‍ജന്‍ സ്വദേശിയാണ് ഇയാള്‍. ഇയാളെ സൂറത്തിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.

Related News