ജോഷിമഠില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഇടക്കാലാശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.5 ലക്ഷം രൂപ പ്രഖ്യാപിച്ചു

  • 11/01/2023

ഉത്തരാഖണ്ഡ് ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വസ്തുവകകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തുമെന്നും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ച്‌ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നും ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു ഖുറാന പറഞ്ഞു.


ജോഷിമഠില്‍ 723 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായതായും 131 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയ രണ്ട് ഹോട്ടല്‍ കെട്ടിടങ്ങള്‍ ഒഴികെ മറ്റൊരു കെട്ടിടവും പൊളിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആര്‍ മീനാക്ഷി സുന്ദരം പറഞ്ഞു.

അധികൃതര്‍ പ്രാദേശിക ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും വീടുകളിലും കെട്ടിടങ്ങളിലും പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ഉടന്‍ തന്നെ ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമല്ല എന്ന് കണ്ടെത്തിയ വീടുകളും സ്ഥാപനങ്ങളും ഉടന്‍തന്നെ ഒഴിയണമെന്ന് ജില്ലാ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News