കനത്ത സുരക്ഷാവലയം ഭേദിച്ച്‌ യുവാവ് പ്രധാനമന്ത്രിക്ക് അരികിലെത്തി; അമ്പരന്ന് സുരക്ഷ ജീവനക്കാർ

  • 12/01/2023

ബെംഗളൂരു: കനത്ത സുരക്ഷാവലയം ഭേദിച്ച്‌ യുവാവ് പ്രധാനമന്ത്രിക്ക് അരികിലെത്തിയത് എങ്ങനെയെന്ന് മനസ്സിലാകാതെ സുരക്ഷാ ജീവനക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമായ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗാര്‍ഡ് സുരക്ഷയാണ് പ്രധാനമന്ത്രിക്ക് നല്‍കുന്നത്. അഞ്ച് ഘട്ടങ്ങളായുള്ള സുരക്ഷ സംവിധാനമാണ് ഇത്. ആദ്യത്തെ ഘട്ടം സംസ്ഥാന പൊലീസിന്റെ ചുമതലയാണ്. പിന്നീടുള്ള ഘട്ടങ്ങളില്‍ സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ സംവിധാനം ഒരുക്കും.


ഇതെല്ലാം മറികടന്ന് എങ്ങനെ പൂമാലയുമായി യുവാവ് പ്രധാനമന്ത്രിക്കരികിലെത്തി എന്നത് ഉദ്യോഗസ്ഥരെ അമ്ബരപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിരുന്നു. ജനുവരി 5 ന് തിരഞ്ഞെടുപ്പ് റാലിക്കായി ഫിറോസ്പൂരിലേക്ക് പോകുമ്ബോഴാണ് കര്‍ഷകര്‍ ഫ്ലൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ 20 മിനിറ്റ് തടഞ്ഞത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ ബെംഗളൂരുവിലെത്തിയപ്പോള്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു.

കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് ഇപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സുരക്ഷാ വലയങ്ങള്‍ ഭേദിച്ച്‌ യുവാവ് മോദിയുടെ തൊട്ടരികിലെത്തി. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി. 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഫുട്ബോര്‍ഡില്‍ കയറി റോഡിനിരുവശവും ആളുകളെ അഭിസംബോധന ചെയ്യുമ്ബോഴായിരുന്നു അപ്രതീക്ഷിതമായി യുവാവ് ഓടിയെത്തിയത്.

ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ പൂമാലയുമായി യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുതെത്തി. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റി. എന്നാല്‍, ഉദ്യോഗസ്ഥരെത്തും മുമ്ബേ ഇയാള്‍ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേല്‍പ്പിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ ഇയാള്‍ എങ്ങനെ പ്രധാനമന്ത്രിക്ക് തൊട്ടരികിലെത്തി എന്നത് ചോദ്യമാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണമുണ്ടായേക്കുമെന്നാണ് സൂചന.

Related News