വ്യത്യസ്തമായ വിവാഹഭ്യർത്ഥനക്ക് സാക്ഷ്യം വഹിച്ച് എയർ ഇന്ത്യ; അഭ്യർത്ഥന സ്വീകരിച്ച് യുവതി

  • 12/01/2023

പ്രണയ-വിവാഹാഭ്യര്‍ത്ഥനകള്‍ക്ക് ഒരു നിയമവും ബാധകമല്ല എന്നാണ്. ഏത് സമയത്തും ഏത് സ്ഥലത്തും അതാവാം. ഏറ്റവും വ്യത്യസ്തമായ രീതിയില്‍, പ്രിയപ്പെട്ടവരുടെ മനംകവരുന്ന രീതിയില്‍ അത് അവതരിപ്പിക്കണമെന്നതാണ് അതിലെ ട്രെന്റ്.


കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്നത് വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ത്ഥനയാണ്. വിമാനത്തിനകത്തുവെച്ച്‌, മുട്ടുകുത്തി, പ്രിയപ്പെട്ടവള്‍ക്കു മുന്നില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍. ലണ്ടനില്‍നിന്നും മുംബൈയ്ക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍നിന്നും ഹൈദരാബാദിനു പോയി അവിടെനിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ചുവരികയായിരുന്നു യുവാവ്. എയര്‍ ഇന്ത്യാ അധികൃതരെ വിവരമറിയിച്ചശേഷമായിരുന്നു യുവാവ് അവരുടെ സഹായത്തോടെ, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിമാന യാത്രയ്ക്കിടെ യാ്രതക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് എയര്‍ ഇന്ത്യ നിരന്തരവിവാദങ്ങളില്‍ പെട്ട സമയത്താണ്, സോഷ്യല്‍ മീഡിയയില്‍ പോസിറ്റീവായ അഭിപ്രായം സൃഷ്ടിച്ച ഈ വീഡിയോ പുറത്തുവന്നത്.

വിമാനം പറന്നു കൊണ്ടിരിക്കെയാണ്, യുവാവ് തന്റെ വിവാഹ അഭ്യര്‍ത്ഥന എഴുതിയ പിങ്ക് കടലാസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുവതിയുടെ സീറ്റിനടുത്തേക്ക് വന്നത്. യുവാവിനെ കണ്ട് അമ്ബരപ്പോടെ നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. യാത്രക്കാരെല്ലാവരും കൈയടിക്കുന്നതിനിടെ യുവതി സീറ്റില്‍നിന്നും പുറത്തേക്ക് ഇറങ്ങിവന്നു. അനന്തരം യുവാവ്, മുട്ടുകുത്തി നിന്ന് അവള്‍ക്ക് മോതിരം അണിയിച്ചു. അവള്‍ അവനെ കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാര്‍ എല്ലാവരും കൈയടികളോടെയാണ് ഈ ജോടികളെ സ്വീകരിക്കുന്നത്.

യുവതി ലണ്ടനില്‍നിന്നും വരുന്ന വിവരമറിഞ്ഞ്, യുവാവ് സുഹൃത്തായ എയര്‍ ഇന്ത്യാ ജീവനക്കാരനെ സമീപിക്കുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാര്യം അറിയിച്ച യുവാവിനെ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഇത് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വിമാന യാത്രക്കാരനെ ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി അവര്‍ കൂടെ അയക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയാ ഷെയര്‍ ചെയ്യുന്നത് എന്ന അടിക്കുറിപ്പോടെയാണ് എയര്‍ ഇന്ത്യ ഇത് ട്വീറ്റ് ചെയ്തത്.

Related News