ബെംഗളുരു മെട്രോ തൂൺ തകർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈകോടതി

  • 13/01/2023

ബെംഗളുരു: ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.


മെട്രോ നിര്‍മ്മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോര്‍പ്പറേഷന്‍, കരാറുകാര്‍ തുടങ്ങിയവരും കോടതി നടപടികള്‍ നേരിടേണ്ടി വരും. ജനുവരി 10നാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും കു‍ഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ബെംഗളൂരു മെട്രോ ലിമിറ്റഡിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സും പരിശോധനകള്‍ നടത്തി വരികയാണ്.

മെട്രോ തൂണ് തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നിര്‍മാണക്കമ്ബനി ഉടമയടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്ബനിയുടെ നേതൃത്വത്തിലായിരുന്നു അപകടം നടന്ന ഭാഗത്തെ നിര്‍മ്മാണം. കമ്ബനി ഡയറക്ടര്‍ ചൈതന്യ, നിര്‍മാണത്തിന്‍റെ സൂപ്പര്‍ വൈസര്‍മാരായ ലക്ഷ്മിപതി, ജെ ഇ പ്രഭാകര്‍ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികള്‍. നിര്‍മാണ കമ്ബനിയുടെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍‍ശന നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള കുഞ്ഞ് അപകടനില തരണം ചെയ്തെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതരും അറിയിച്ചു.

Related News