ഗുജറാത്തില്‍ സെക്‌സ് വിഡിയോ കോള്‍ കെണി; ബിസിനസുകാരന് 2.69 കോടി രൂപ നഷ്ടമായതായി പരാതി

  • 13/01/2023

അഹമ്മദാബാദ്: ഗുജറാത്തില്‍ സെക്‌സ് വിഡിയോ കോള്‍ കെണിയില്‍ അകപ്പെട്ട് ബിസിനസുകാരന് 2.69 കോടി രൂപ നഷ്ടമായതായി പരാതി. ഗുജറാത്തില്‍ റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന യുവാവിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


ഓഗസ്റ്റ് എട്ടിനാണ് യുവാവിന് ഒരു യുവതിയുടെ ഫോണ്‍കോള്‍ ലഭിച്ചത്. റിയ ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ് വിളിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധം സൃഷ്ടിച്ച യുവതി വീഡിയോ കോളിനിടെ, വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും യുവാവ് അത് അനുസരിക്കുകയുമായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ യുവതി വിഡിയോ കോള്‍ കട്ട് ചെയ്തു. പിന്നീട് നഗ്‌ന വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യുവാവിന് മറ്റൊരു ഫോണ്‍കോള്‍ ലഭിച്ചു. ഡല്‍ഹിയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞാണ് വിളിച്ചത്. വിഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കാന്‍ മൂന്നു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ഡല്‍ഹി സൈബര്‍ സെല്ലില്‍ നിന്നാണെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കേസെടുക്കാതിരിക്കാന്‍ 80.97 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് സിബിഐ ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞും കോള്‍ എത്തി. ഇത്തരത്തില്‍ നിരവധി തവണ പണം നഷ്ടമായതോടെ, ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. അതിനിടെ ഡിസംബര്‍ 15 ന് കേസ് അവസാനിച്ചെന്ന് അറിയിച്ച്‌ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് വ്യാജ ഉത്തരവും ലഭിച്ചു.ഇത് വ്യാജമാണെന്ന് തോന്നിയതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

പലതവണകളായി 2.69 കോടി രൂപ തനിക്കു നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് യുവാവ് പരാതി നല്‍കിയത്. വിവിധ വകുപ്പുകള്‍ അനുസരിച്ച്‌ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News