ബോക്സ് ഓഫീസ് പിടിച്ചടക്കി ബാലയ്യ ; ആ​ഗോളതലത്തിൽ 54 കോടി നേടി 'വീര സിംഹ റെഡ്ഡി'

  • 14/01/2023

ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കി ബാലയ്യയുടെ 'വീര സിംഹ റെഡ്ഡി'. തമിഴകത്തിന്റെ ഇളയദളപതി വിജയെയും തല അജിത്തിനെയും കടത്തിവെട്ടിയാണ് ബാലയ്യയുടെ മുന്നേറ്റമെന്നാണ് സിനിമാ വ‍ൃത്തങ്ങൾ പറയുന്നത്. ജനുവരി 12-ന് സംക്രാന്തി റിലീസ് ആയി തിയേറ്ററുകളിലെത്തിയ 'വീര സിംഹ റെഡ്ഡി' ആഗോളതലത്തിൽ ആദ്യദിനം നേടിയത് 54 കോടി രൂപയാണ്. സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് കളക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് വിവരം. 

അതേസമയം പ്രേക്ഷകർക്കിടയിൽ വൻ പ്രതീക്ഷയോടെയെത്തിയ വിജയ് ചിത്രം 'വാരിസി'നും അജിത് ചിത്രം 'തുണിവി'നും ആദ്യ ദിനം 50 കോടി നേടാനായില്ല. . വാരിസ് 49 കോടിയും തുണിവ് 42 കോടിയും ആഗോള കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വാരിസ് തെലുങ്ക് പതിപ്പ് അതേ ദിവസം റിലീസ് ചെയ്യാതിരുന്നതും കളക്ഷനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. വാരിസിന് നാല് കോടി ആയിരുന്നു ആദ്യ ദിന കളക്ഷൻ. കേരളത്തിൽ 400 സ്ക്രീനുകളിൽ റിലീസ് ചെയ്ത വാരിസ് ഇപ്പോൾ പത്തു കോടിയോട് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 250 സ്ക്രീനുകളിലാണ് തുണിവ് റിലീസ് ചെയ്തത്. 

വീര സിംഹ റെഡ്ഡിയുടെ ഓൾ ഇന്ത്യ കളക്ഷൻ 42 കോടിയാണ്. ആന്ധ്രാപ്രദേശ്‌–തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്ന് 3.25 കോടിയും നേടി. ഓവർസീസ് കളക്ഷൻ എട്ട് കോടിയാണ്. ഇതിനു മുൻപ് 29.6 കോടി നേടിയ  'അഖണ്ഡ'യായിരുന്നു
ആദ്യദിനം ഏറ്റവുമധികം കളക്ഷൻ ലഭിച്ച ബാലയ്യയുടേതായി പുറത്തിറങ്ങിയ ചിത്രം. 



Related News