വ്യവസായങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

  • 15/01/2023

വ്യവസായങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ കർശന നടപടികളിലൂടെ നേരിടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. 
ഭീഷണികള്‍ മൂലം സംസ്ഥാനത്ത് ഒട്ടനവധി വ്യവസായ പദ്ധതികൾ നഷ്ടമായ സാഹചര്യത്തിലാണ് ഇത്തരക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഫട്നാവിസ് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് 6,000 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ച ഒരു വ്യവസായി കഴിഞ്ഞ വര്‍ഷം ഭീഷണിയും കൊള്ളയടിക്കലിനെയും ഭയന്ന് പദ്ധതി കര്‍ണാടകയിലേക്ക് മാറ്റിയതായും ഫട്‌നാവിസ് പറഞ്ഞു. ശനിയാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ ഫട്‌നാവിസ്. നിലവിൽ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാണ് ദേവേന്ദ്ര ഫട്‌നാവിസ്.

'ഭീഷണികള്‍ കാരണം വലിയ പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കില്ല. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. പാര്‍ട്ടി നോക്കാതെ ഇത്തരം പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.',ഫട്‌നാവിസ് പറഞ്ഞു. നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം താക്കീത് നൽകി.

'മനുഷ്യവിഭവശേഷിയുള്ളതിനാല്‍ ധാരാളം നിക്ഷേപകര്‍ മഹാരാഷ്ട്രയിലേക്ക് വരുന്നുണ്ട്. വ്യവസായങ്ങളിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് ഞാന്‍ എല്ലാ നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കണം, എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ പണത്തിനായി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ഞാന്‍ പിന്മാറില്ല.', അദ്ദഹം പറഞ്ഞു. മുംബൈയ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുരോഗതിയുളള സ്ഥലമാണ് പൂനൈ. പൂനൈയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുമെന്ന് പറഞ്ഞ ഫട്നാവിസ് തൊഴിലില്ലായ്മയുടെ മറവില്‍ പണം തട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും  മുന്നറിയിപ്പ് നല്‍കി.

Related News