തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വന്‍ ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു

  • 17/01/2023

തെലങ്കാന: തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വന്‍ ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് ഖമ്മച്ച്‌ മെഗാ റാലി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആ‌ര്‍എസ്സിന്‍റെ ശക്തിപ്രകടന റാലി എന്നത് ശ്രദ്ധേയമാണ്. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്‍റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കും. ഒരു പ്രാദേശികപാര്‍ട്ടിയെന്ന ഇമേജില്‍ നിന്ന് മാറി, ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസ്സിന്‍റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. നൂറേക്കറിലായാണ് ഖമ്മത്ത് മെഗാറാലിക്കുള്ള ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ റാലിയില്‍ അണിനിരക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അതേസമയം സുരക്ഷ മുന്നറിയിപ്പുകള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കും. ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും. റിപ്പബ്ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, എം.കെ സ്റ്റാലിന്‍, ഉദ്ദവ് താക്കെറെയടക്കമുള്ള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇടത് പാര്‍ട്ടികളില്‍ സി പി ഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related News