വ്യക്തികളുടെ ലൈംഗികാഭിമുഖ്യം, പങ്കാളികളുടെ വിദേശപൗരത്വം എന്നിവ കോളീജിയം മാനദണ്ഡമാകരുത്; വിമർശനവുമായി സുപ്രീംകോടതി

  • 19/01/2023

ന്യൂഡല്‍ഹി: കൊളീജിയം നല്‍കുന്ന പട്ടികയിലെ വ്യക്തികളുടെ ലൈംഗികാഭിമുഖ്യം, പങ്കാളികളുടെ വിദേശപൗരത്വം, സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ എന്നിവ കണക്കിലെടുത്ത് ജഡ്ജി നിയമന ഉത്തരവുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടയുന്നതിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി.


സര്‍ക്കാരിന്‍റെ എതിര്‍പ്പ് മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സൗരഭ് കൃപാലിന്‍റെ നിയമനത്തെ സംബന്ധിച്ച വിവര‌ങ്ങള്‍ പരസ്യമാക്കിയാണ് സുപ്രീം കോടതി ഈ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ - കൊളീജിയം തര്‍ക്കം രൂക്ഷമായ വേളയിലാണ് കൃപാലിന്‍റെ നിയമനത്തെപ്പറ്റിയുള്ള റോ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പരസ്യമാക്കി സുപ്രീം കോടതി പോര് കടുപ്പിച്ചത്.

കൃപാല്‍ സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്‍റെ പങ്കാളി സ്വിസ് പൗരത്വമുള്ള വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനത്തിന് എതിരായ രീതിയില്‍ റോ റിപ്പോര്‍ട്ട് നല്‍കിയത്. കൃപാലിന്‍റെ പങ്കാളിയുടെ വ്യക്തിത്വവും പൗരത്വവും രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വിഘാതമാണെന്ന മുന്‍ധാരണ ശരിയല്ലെന്നും ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ പ്രകാരം അദ്ദേഹത്തിന്‍റെ ലൈംഗികാഭിമുഖ്യം നിയമപരമായി തെറ്റല്ലെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, കുര്യന്‍ ജോസഫ്, എസ്.കെ. കൗള്‍ എന്നിവര്‍ തുറന്ന കത്തില്‍ വ്യക്തമാക്കി.

Related News