നാലാം ഭാര്യയാണെന്നറിഞ്ഞ് വീടുവിട്ട യുവതിക്ക് മുത്തലാഖ് എസ്എംഎസ് വഴി ചൊല്ലി ഭർത്താവ്; കേസ്

  • 20/01/2023

അവിചാരിതമായാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ യുവതി അക്കാര്യം അറിഞ്ഞത്. താന്‍ രണ്ടാമത് വിവാഹം ചെയ്ത ഭര്‍ത്താവിന് മറ്റ് മൂന്ന് ഭാര്യമാര്‍ കൂടി നിലവിലുണ്ട്. ആദ്യ വിവാഹത്തിലുള്ള മൂന്ന് കുട്ടികളുമായി അജ്മീര്‍ സ്വദേശിയായ 32-കാരന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയ്ക്ക് ഈ തിരിച്ചറിവ് ഞെട്ടിക്കുന്നതായിരുന്നു.


ആദ്യ വിവാഹമാണ് എന്നു പറഞ്ഞായിരുന്നു അയാള്‍ ഇവരെ വിവാഹം ചെയ്തിരുന്നത്. ഇതിനെ ചൊല്ലി ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവതി കുട്ടികള്‍ക്കൊപ്പം ഇന്‍ഡോറിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി. കാര്യങ്ങള്‍ അവിടെ തീര്‍ന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഒരു എസ് എം എസ് വന്നു. തലാഖ് എന്ന് മൂന്നുവട്ടം എഴുതിയ ആ മെസേജ് അവരെ ട്രിപ്പിള്‍ തലാഖ് ചൊല്ലി എന്നതിനുള്ള തെളിവായിരുന്നു. മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ട്രിപ്പിള്‍ തലാഖ് നിയമവിരുദ്ധമാക്കിയതിനാല്‍ അവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടു. ഇപ്പോള്‍, അവരുടെ ഭര്‍ത്താവിന് എതിരെ കേസ് എടുത്തിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. 

ഇന്‍ഡോറിലാണ് സംഭവം. അജ്മീര്‍ സ്വദേശിയായ ഇംറാന്‍ എന്ന 32-കാരന് എതിരെയാണ് ഇന്‍ഡോര്‍ പൊലീസ് കേസ് എടുത്തത്. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് പൊലീസ് കേസ് എടുത്തത്. എന്നാല്‍, ഇയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

Related News