നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി ഭ്രൂണത്തെ നായയ്ക്ക് നല്‍കിയ ഡോക്ടറെ കണ്ടെത്താന്‍ പൊലീസ്

  • 21/01/2023

പട്ന: തന്റെ ക്ലിനിക്കില്‍ നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി ഭ്രൂണത്തെ നായയ്ക്ക് നല്‍കിയ ഡോക്ടറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ഹാജിപൂരില്‍ ആണ് സംഭവം. ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതി മരിച്ചിരുന്നു.


വൈശാലി ജില്ലയില്‍ ബാലിഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന് കുടുംബം പറയുന്നു. ഇയാള്‍ നല്‍കിയ മരുന്നുകള്‍ കഴിക്കുകയും ഗര്‍ഭം അലസുകയും ചെയ്തതോടെ യുവതിയുടെ നില വഷളായി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ പട്‌നയിലേക്ക് റഫര്‍ ചെയ്തെങ്കിലും പതിനൊന്ന് ദിവസത്തിന് ശേഷം യുവതി മരിച്ചു. ഗര്‍ഭച്ഛിദ്രത്തിനായി നടത്തിയ ഓപ്പറേഷന്‍ സ്ത്രീയുടെ ആന്തരികാവയവങ്ങള്‍ക്ക് കേടുവരുത്തിയതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കേസിലെ പ്രതികളായ ഡോക്ടറും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്.

"കത്രിക ഉപയോഗിച്ച്‌ ഓപ്പറേഷന്‍ നടത്തി ഭ്രൂണം ബക്കറ്റില്‍ സൂക്ഷിച്ചു. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തെളിവ് അവശേഷിപ്പിച്ചാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ത്തു നായയ്ക്ക് ഭക്ഷണമായി ഭ്രൂണം നല്‍കാമെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിനെ ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ നിരന്തരം പറഞ്ഞു, പക്ഷേ ഡോക്ടര്‍ കേട്ടില്ല". യുവതിയുടെ ഇരയുടെ ബന്ധു പറഞ്ഞതായി ആജ്തക് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, വളര്‍ത്തുനായ ഭ്രൂണം ഭക്ഷിച്ചുവെന്ന യുവതിയുടെ കുടുംബത്തിന്റെ ആരോപണം സത്യമല്ലെന്ന് പൊലീസ് പറഞ്ഞു. " ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തിയതിന് ശേഷം യുവതിയുടെ നില വഷളായതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസ് അന്വേഷണത്തിലാണ്, ഞങ്ങള്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ഭ്രൂണം നായയ്ക്ക് നല്‍കിയെന്ന അവകാശവാദം സത്യമല്ല. " മഹുവ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പൂനം കേസ്രി പറഞ്ഞു.

Related News