പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം ഇന്ന് സമ്മാനിക്കും; ഏറ്റുവാങ്ങുന്നത് 11 വിദ്യാർത്ഥികൾ

  • 22/01/2023

ഈ വർഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം ഇന്ന് സമ്മാനിക്കും. ഡൽഹിയിലെ വിഖ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ 11 വിദ്യാർത്ഥികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമ്മു പുരസ്‌കാരം കൈമാറും. വിവിധ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരമാണ് പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം.

കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 5 മുതൽ 18 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവും അടങ്ങുന്നതാണ് പിഎംആർബിപിയുടെ അവാർഡ്. കലാ-സാംസ്‌കാരിക മേഖലയിൽ നാല് പേർക്കും ധീരതയ്ക്ക് ഒരാൾക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേർക്കും സാമൂഹിക സേവനത്തിന് ഒരാൾക്കും കായിക രംഗത്ത് മൂന്ന് പേരുമാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ചൊവ്വാഴ്ച പ്രധാനമന്ത്രി പുരസ്‌കാരത്തിന് അർഹരായ കുട്ടികളുമായി സംവദിക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സമൃതി ഇറാനിയും പുരസ്‌കാര ജേതാക്കളായ കുട്ടികളോട് ആശയവിനിമയം നടത്തുക.

Related News