ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും അപ്രത്യക്ഷമായ സംഭവം: വിമര്‍ശനവുമായി പ്രതിപക്ഷം

  • 23/01/2023

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും അപ്രത്യക്ഷമായതിന് പിന്നാലെ വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. സീരിസിന്റെ ആദ്യഭാഗം കാണാന്‍ കഴിയുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.


മേക്ക് ഇന്‍ ഇന്ത്യപോലെ ബ്ലോക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയും രാജ്യത്തുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബിബിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയില്‍ ആയിരുന്നെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ഇപ്പോള്‍ പടിവാതില്‍ക്കല്‍ എത്തിയിട്ടുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മോയിത്രയും ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ ഷെയര്‍ചെയ്തു. സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ട ട്വിറ്റര്‍ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ലെന്നും മറ്റൊരു ലിങ്ക് മൂന്ന് ദിവസം മാത്രമാണ് ലഭ്യമായതെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

ഡോക്കുമെന്ററിയെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം പുച്ഛിക്കുന്നുവോ ജനങ്ങള്‍ക്ക് അത് കാണാനുള്ള ആകാംക്ഷ അതനുസരിച്ച്‌ വര്‍ധിക്കുമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.

Related News