കാമുകനെ തേടി ഇന്ത്യയിലെത്തി അനധികൃതമായി താമസിച്ചു; പാക് പെണ്‍കുട്ടി പൊലീസ് പിടിയിൽ

  • 23/01/2023

ബെംഗളൂരു: കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച 19കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇഖ്‌റ ജീവാനി എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. യഥാര്‍ഥ പേരും വിവരങ്ങളും മറച്ചുവെച്ചാണ് ഇവര്‍ ബെംഗളൂരുവില്‍ താമസമാക്കിയത്. പെണ്‍കുട്ടിയെ ഇന്ത്യയിലെത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി മുലായം സിങ് യാദവ് എന്ന 25കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.


ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. വിവാഹം കഴിയ്ക്കണമെങ്കില്‍ ഇന്ത്യയിലെത്തണമെന്ന് യുവാവ് അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സാഹസത്തിന് മുതിര്‍ന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് യുവാവ് പെണ്‍കുട്ടിയെ ഇന്ത്യയിലെത്തിച്ചത്. നേപ്പാളില്‍ വെച്ച്‌ ഇരുവരും വിവാഹിതരായെന്നും പൊലീസ് പറഞ്ഞു. ബിഹാറില്‍ ആദ്യമെത്തി. പിന്നീട് ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് മുലായം സിങ് യാദവ്.
ബെംഗളൂരുവില്‍ പേരും വിലാസവും മാറ്റി ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്. റാവ യാദവ് എന്നാണ് ഇഖ്റ പേരുമാറ്റിയത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം ഇഖ്‌റയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡും മുലായം സംഘടിപ്പിച്ച്‌ നല്‍കി. എന്നാല്‍, പാകിസ്ഥാനിലെ കുടുംബവുമായി ബന്ധപ്പെടാന്‍ ഇഖ്റ ശ്രമിച്ചതോടെ പിടിവീണു. പിന്നീട് പെണ്‍കുട്ടി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നീരീക്ഷണത്തിലായി. ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇഖ്‌റയെ എഫ്‌ആര്‍ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ശേഷം സ്‌റ്റേറ്റ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടി ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശികള്‍ക്കുള്ള നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്ക് വാടകക്ക് വീട് ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related News