വിവാദ ഡോക്യുമെന്ററി: 2-ാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാൻ ബിബിസി, സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാരിൻറെ കർശന നിരീക്ഷണത്തിൽ

  • 23/01/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. ഡോക്യുമെൻററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നെങ്കിലും സർവകലാശാല വിലക്കി. 

സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി. ഡോക്യുമെൻററിക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാരിൻറെ കർശന നിരീക്ഷണത്തിലാണ്.

അതേസമയം, ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല എന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതിൽ മാറ്റം ഉണ്ടാകുന്‌പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു.

Related News