ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭം: ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു

  • 25/01/2023

കശ്മീര്‍: ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു. റമ്ബാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തില്‍ യാത്ര തുടരരുതെന്ന് ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാള്‍ തുടരും.


കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ജമ്മുവില്‍ പ്രവേശിച്ചത്. 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുക. ബുധനാഴ്ച രാവിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ കനത്ത മഴയെ തുടര്‍ന്ന് റംബാന്‍ ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്ര വിജയകരമാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്ത് അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അഭിപ്രായം അതാണ്. സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് പരാമര്‍ശത്തില്‍ ദിഗ് വിജയ് സിംഗിനെ തള്ളിയ രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോണ്‍ഗ്രസിന് അങ്ങനെ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

Related News