പദ്മപുരസ്ക്കാരങ്ങളില്‍ ഇക്കുറി മലയാളിത്തിളക്കം; കര്‍ഷകര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ പട്ടികയിൽ

  • 25/01/2023

ദില്ലി: പദ്മപുരസ്ക്കാരങ്ങളില്‍ ഇക്കുറി മലയാളിത്തിളക്കം. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീ മലയാളികള്‍ക്കാണ് പദ്മശ്രീ പുരസ്കാരം.


സംഗീത സംവിധായകന്‍ എം എം കീരവാണി, നടി രവീണാ ടണ്ഡന്‍, രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുന്‍ജൂന്‍വാല എന്നിവരും പദ്മശ്രീക്ക് അര്‍ഹരായി. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായി കര്‍ഷകര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെയടങ്ങുന്നതാണ് ഈ വര്‍ഷത്തെ പദ്മപുരസ്ക്കാര പട്ടിക. ആകെ 106 പേര്‍ക്കാണ് പുരസ്ക്കാരം. 91 പേര്‍ക്ക് പത്മശ്രീ. ഒആര്‍എസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉള്‍പ്പടെ 6 പേര്‍ക്കാണ് പദ്മവിഭൂഷന്‍.

ആര്‍ക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി , തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോ-അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രിനിവാസ് വര്‍ധന്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പദ്മവിഭൂഷന്‍ നേടിയ മറ്റുള്ളവര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖന്‍ കുമാര്‍ മംഗളം ബിര്‍ള ഉള്‍പ്പെടെ 9 പേര്‍ക്കാണ് പത്മഭൂഷന്‍.

Related News