നായയുടെ പരിപാലനത്തിന് മാത്രം പ്രതിദിനം രണ്ടായിരം രൂപ, വൈറലായി കൊക്കേഷ്യന്‍ ഷെപ്പേഡ്

  • 25/01/2023

ബംഗളൂരു സ്വദേശി 20 കോടി രൂപയുടെ അപൂര്‍വ നായയായ കൊക്കേഷ്യന്‍ ഷെപ്പേഡിനെ സ്വന്തമാക്കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായ സതീഷാണ് ഈ നായയെ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് ഇദ്ദേഹം നായയെ സ്വന്തമാക്കിയത്. ഒന്നരവയസുള്ള കൊക്കേഷ്യന്‍ ഷെപ്പേഡിനെയാണ് സതീഷ് വാങ്ങിയത്.


എന്നാല്‍ ഇപ്പോള്‍ ഈ നായയെ സതീഷ് പരിപാലിക്കുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നായയുടെ പരിപാലനത്തിന് മാത്രം പ്രതിദിനം രണ്ടായിരം രൂപ ഉടമയ്ക്ക് ചെലവാകുന്നുണ്ടത്രേ. വലിപ്പം കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ബ്രീഡാണ് കൊക്കേഷ്യന്‍ ഷെപ്പേഡ്. എയര്‍ കണ്ടീഷന്‍ഡ് ചെയ്ത വീട്ടിലാണ് നായയെ പാര്‍പ്പിച്ചിരിക്കുന്നത്.

ചെന്നായ്ക്കളടക്കമുളള വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനായിട്ടാണ് പുരാതനകാലത്ത് കൊക്കേഷ്യന്‍ ഷെപ്പേഡിനെ ഉപയോഗിച്ചിരുന്നത്. ടിബറ്റന്‍ ഡോഗില്‍ നിന്നുള്ള ഒരു വിഭാഗമാണ് കൊക്കേഷ്യന്‍ ഷെപ്പേഡ് എന്നാണ് കരുതുന്നത്. നിര്‍ഭയരും ധൈര്യശാലികളുമായ ഈ നായകള്‍ റഷ്യയിലെ ഇടയന്മാരുടെ ഇഷ്ടമൃഗങ്ങളായിരുന്നു. സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ രോമങ്ങളാണ് ഈ നായകള്‍ക്കുള്ളത്.

വിലകൂടിയ ഇനത്തില്‍പ്പെട്ട നായയെ ഇതിന് മുന്‍പും സതീഷ് സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ സതീഷ് രണ്ട് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയിരുന്നു. ഒരു കോടി വീതം ചെലവാക്കിയാണ് സതീഷ് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായി മാറിയത്. ചൈനയില്‍ നിന്നും കൊണ്ടുവന്ന നായകളെ റോള്‍സ് റോയ്‌സെത്തിയാണ് എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുപോയത്

Related News