ബിബിസി ഡോക്യുമെന്ററി: കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി സംഘടനകള്‍

  • 25/01/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി സംഘടനകള്‍. ദില്ലി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് എസ്‌എഫ്‌ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. ജാമിയ മിലിയില്‍ സര്‍വകലാശാല അധികൃതരും പൊലീസും ചേര്‍ന്ന് പ്രദര്‍ശനം തടഞ്ഞിരുന്നു. വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.


നേരത്തെ ജെഎന്‍യു സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെന്‍്ററി പ്രദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ, ലാപ്പ്ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്‍്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു.

എബിവിപി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്.

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. ഇന്നലെ വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിക്ക് നേരെ ബിജെപിയുടെ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന വ്യാപകമായി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എതിര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ഒരുക്കിയേക്കും.

Related News