മുലായം സിങ് യാദവിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത് രാജ്യത്തിന് നല്‍കിയ സംഭാവനകളെ പരിഹസിക്കുന്നതിന് തുല്യം: സമാജ്‌വാദി പാര്‍ട്ടി നേതാവ്

  • 26/01/2023

ലഖ്നൗ: മുലായം സിങ് യാദവിന് പത്മവിഭൂഷണ്‍ സമ്മാനിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നല്‍കിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടു.


മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്. മുലായം സിങ് യാദവിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിലൂടെ, നേതാജിയുടെ മഹത്വത്തെയും പ്രവര്‍ത്തനത്തെയും രാജ്യത്തിന് നല്‍കിയ സംഭാവനകളെയും പരിഹസിക്കുകയാണ് ഇന്ത്യാ സര്‍ക്കാര്‍ ചെയ്തത്. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിക്കണമായിരുന്നു. സ്വാമി പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.

പാര്‍ട്ടി വക്താവ് ഐ പി സിങ്ങും സമാനമായ പ്രതികരണം നടത്തി. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഒഴികെ മറ്റൊരു ബഹുമതിയും, മണ്ണിന്റെ മകന്‍ അന്തരിച്ച മുലായം സിംഗ് യാദവിന് യോജിച്ചതല്ല. നമ്മുടെ ബഹുമാന്യനായ നേതാജിക്ക് ഉടന്‍ തന്നെ ഭാരതരത്‌ന നല്‍കാനുള്ള പ്രഖ്യാപനം ഉണ്ടാകണം . ഐ പി സിങ് ട്വീറ്റ് ചെയ്തു. സമാജ് വാദി പാര്‍ട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 നാണ് അന്തരിച്ചത്.

Related News