ഇന്ത്യയും ഈജിപ്തും ടെലിവിഷൻ- റേഡിയോ പരിപാടികൾ കൈമാറുന്നതിനുള്ള കരാർ ഒപ്പുവെച്ചു

  • 27/01/2023




ന്യൂഡൽഹി: ഇന്ത്യയും ഈജിപ്തും തമ്മിൽ നടന്ന പ്രതിനിധിതല ചർച്ചയെത്തുടർന്ന്, പ്രസാർ ഭാരതിയും ഈജിപ്ത് നാഷണൽ മീഡിയ അതോറിറ്റിയും തമ്മിലുള്ള ആമുഖ കൈമാറ്റവും നിർമ്മാണവും സുഗമമാക്കുന്നതിനുള്ള കരാറിൽ  ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേർപ്പെട്ടത്.

സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിലൂടെ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിഡി ഇന്ത്യ ചാനലിന്റെ വ്യാപനം വിപുലീകരിക്കുകയാണ് കരാറിന്റെ  ഉദ്ദേശ്യം. ഇതിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേ ഹസൻ ഷൗക്രിയും ചേർന്നാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

ഇരുകൂട്ടരും അവരവരുടെ റേഡിയോ, ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യുന്ന കായിക, സാംസ്‌കാരിക, വിനോദ വാർത്തകളും ഇതുമായി ബന്ധപ്പെട്ട പരിപാടികളും കരാറടിസ്ഥാനത്തിൽ കൈമാറും. ധാരണാപത്രം മൂന്ന് വർഷം  നീണ്ടുനിൽക്കുന്നതാണ്.

ഇന്ത്യയുടെ പ്രസാർ ഭാരതിക്ക് നിലവിൽ ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ സഹകരണത്തിനായി വിദേശ പ്രക്ഷേപകരുമായി ഇത്തരം 39 ധാരണാപത്രങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പരിപാടികൾ കൈമാറുന്നതിലൂടെ പരസ്പര സൗഹൃദവും, അറിവ് പങ്കിടുന്നത് സംബന്ധിച്ച വിഷയത്തിൽ കോ-പ്രൊഡക്ഷൻ അവസരങ്ങളും വർദ്ധിക്കുമെന്ന് ധാരണാ പത്രത്തിൽ പറയുന്നു.

Related News