ഭാരത് ജോഡോ യാത്ര; സമാപന സമ്മേളനത്തിൽ ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾ

  • 28/01/2023

ദില്ലി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച്‌ കൂടുതല്‍ പാര്‍ട്ടികള്‍. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സിപിഎം നേരത്തേ തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്.


പ്രധാനമായും കേരള ഘടകത്തിന്റെ എതിര്‍പ്പാണ് യാത്രയുടെ സമാപനത്തില്‍ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. .യാത്രയില്‍ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിര്‍ത്തിരുന്നു. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമര്‍ശനം. എന്നാല്‍ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്.

സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിര്‍ത്തിവച്ചത്. കോണ്‍ഗ്രസ് ആരോപണം ജമ്മുകാശ്മീര്‍ പൊലീസ് നിഷേധിച്ചു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീര്‍ പൊലീസ് പറഞ്ഞത്.

Related News