കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി; ആരോപണവുമായി അനിൽ ആന്റണി

  • 29/01/2023

ദില്ലി : ബിബിസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ മുമ്ബ് പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി.


ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുന്‍പ് ചെയ്ത വാര്‍ത്തകള്‍ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബിബിസിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍" ഡോക്യുമെന്‍ററിക്കെതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്നത്തെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി. പരാമര്‍ശം ദേശീയ തലത്തിലടക്കം ബിജെപി ചര്‍ച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു.

Related News