27 മാസം നീണ്ട ജയില്‍വാസം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

  • 02/02/2023

ദില്ലി : 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചു.


'പല സഹോദരന്‍മാരും കള്ളക്കേസില്‍ കുടുങ്ങി ജയില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. തനിക്കൊപ്പം ജയിലിലായവര്‍ക്കും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയില്‍ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല.

ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. ലക്നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ഇനി ദില്ലിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.

Related News