ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി; ഒമ്ബത് അംഗ സമിതി രാജ്യവ്യാപക പ്രചാരണം തുടങ്ങി

  • 02/02/2023

ദില്ലി: തെരഞ്ഞെടുപ്പടുക്കവേ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി. ഒമ്ബത് അംഗ സമിതിയുടെ നേതൃത്ത്വത്തില്‍ രാജ്യവ്യാപക പ്രചാരണം ബിജെപി തുടങ്ങി. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും പ്രഖ്യാപിച്ച ഇളവുകളില്‍ പ്രത്യേകം പ്രചാരണം വേണം എന്ന നിര്‍ദ്ദേശം പാര്‍ട്ടി മന്ത്രിമാര്‍ക്ക് നല്‍കി.


മധ്യവര്‍ഗത്തിന് നിര്‍ണായക സ്വാധീനമുള്ള രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുക്കവേയാണ് ബിജെപിയുടെ നീക്കം. ബജറ്റില്‍ പ്രതീക്ഷിച്ചത്ര ആനുകൂല്യങ്ങള്‍ കിട്ടിയില്ലെന്ന് പാര്‍ട്ടിക്കകത്തെ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. എന്നാലും ബജറ്റ് പ്രഖ്യാപനങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 50 പ്രധാന നഗരങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിര്‍ന്ന നേതാവും എത്തി ബജറ്റിനെപറ്റിയും കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തില്‍ ചര്‍ച്ചകളും വാര്‍ത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രചാരണം വിപുലമാക്കും. പുതിയ സ്കീമിലുള്ളവര്‍ക്ക് ഏഴു ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല എന്ന പ്രഖ്യാപനം മധ്യവര്‍ഗ്ഗത്തില്‍ ചലനമുണ്ടാക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

സ്ത്രീകള്‍ക്കിടയില്‍ മഹിളാ സമ്മാന്‍ പദ്ധതിയെ പറ്റിയും, മുതിര്‍ന്നവര്‍ക്കിടയില്‍ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തിയതിനെ കുറിച്ചും വിശദീകരിക്കും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്ത്വത്തിലുള്ള 9 അംഗ സമിതിയുടെ നേതൃത്ത്വത്തില്‍ ഈ മാസം 12 വരെ പ്രചാരണം തുടരും. ജനങ്ങളുടെ പ്രതികരണം സമിതി പാര്‍ട്ടിയെ അറിയിക്കും. തൊഴിലുറപ്പ് പദ്ധതിക്കുള്‍പ്പടെ വിഹിതം വെട്ടിക്കുറച്ചത് ബജറ്റ് ചര്‍ച്ചയില്‍ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Related News