സിൽവർ ലൈനിനു പകരം കേരളത്തിൽ വലിയ പദ്ധതി; കേന്ദ്ര റെയില്‍വേ മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

  • 02/02/2023

ദില്ലി: സില്‍വര്‍ ലൈനിന് പകരം കേരളത്തിനായി കേന്ദ്രം വലിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാല് മണിക്കാണ് ദില്ലിയില്‍ വാര്‍ത്താ സമ്മേളനം. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു.


ആന്ധ്രാ പ്രദേശിന് പിന്നാലെ കേരളത്തിനും വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമാകുമെന്ന് ചില കേന്ദ്ര മന്ത്രിമാരും നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും പരിഹരിക്കും. 50 വര്‍ഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിലും നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്.

Related News