ത്രിപുരയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; നാളെ അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും

  • 05/02/2023

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളെ പ്രചാരണത്തിന് ഇറക്കി ത്രിപുരയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ധാരണയില്‍ മത്സരിക്കുന്ന ത്രിപുരയിലെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംസ്ഥാനത്തെത്തും.


പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കന്‍മാര്‍ തുടങ്ങിയ വന്‍ നിരയാണ് ബിജെപി പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. പ്രചാരണത്തിന്‍റെ അവസാനദിവസമായ ഫെബ്രുവരി പതിമൂന്നിനാകും മോദി ത്രിപുരയില്‍ എത്തുകയെന്നാണ് സൂചന. രഥയാത്ര ഉദ്ഘാടനം ചെയ്യാന്‍ ജനുവരി അഞ്ചിന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ വീണ്ടും ത്രിപുരയിലെത്തും.

അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി,സിനിമ താരം മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രചരണത്തിലാണ്. വീടു കയറിയുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സാഹയും നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം പ്രകടനപത്രിക പുറത്തിറക്കിയ കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടികള്‍ ഉടന്‍ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. 

Related News