'പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി'; രാഹുലിനെതിരെ ലോക്‌സഭയിൽ അവകാശലംഘന നോട്ടീസ്

  • 08/02/2023

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാർലമെൻററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു.രാഹുലിന്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.ഇന്നലെ രാഹുലിൻറെ പ്രസ്താവനയെതുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ സഭയിൽ വയ്ക്കാൻ ബിജെപ ിഅംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.

അദാനിയിലൂടെ പ്രധാനമന്ത്രിക്കെതിരെ  ഇന്നലെ ലോക് സഭയിലെ നന്ദിപ്രമേയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിൻറെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. എസ്ബിഐയേയും എൽഐസിയേയും തീറെഴുതി സാധാരണക്കാരുടെ പണം സർക്കാർ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ ബന്ധം. വിധേയനായ അദാനിയും പടിപടിയായി ഉയർന്നു. മോദി പ്രധാനമന്ത്രിയായ രണ്ടായിരത്തി പതിനാലിൽ അദാനിയുടെ ആസ്തി എട്ട് ബില്യൺ ഡോളറായിരുന്നെങ്കിൽ, 2022 എത്തിയപ്പേഴേക്കും അത് 140 ബില്യൺ ഡോളറായി. 

സമ്പന്നരുടെ പട്ടികയിൽ അറുനൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി. നടത്തിപ്പിൽ മുൻ പരിചയമില്ലാത്തവർക്ക് വിമാനത്താവളങ്ങൾ കൈമാറരുതെന്നാണ് ചട്ടമെങ്കിൽ  ആറ് വിമാനത്താവളങ്ങൾ ഇപ്പോൾ അദാനിയുടെ കൈയിലാണ്. പ്രതിരോധ, ആയുധനിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. രാജ്യത്തിൻറെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയ്യാറാക്കിയെന്ന ആരോപിച്ച രാഹുൽ  അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നൽകിയ തുടങ്ങിയ ചോദ്യങ്ങൾ പ്രധാനമന്ത്രിയോടുന്നയിച്ചു.

പ്രധാനമന്ത്രിക്കെതിരെ രേഖകളില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് രാഹുലിൻറെ പ്രസംഗത്തിനിടക്ക് കയറി ഭരണപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോൾ പ്രധാനമന്ത്രി , രാഹുലിൻറെ ആരോപണങ്ങളിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News