തെളിവ് ഹാജരാക്കിയില്ല; പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന് നീക്കി

  • 08/02/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന് നീക്കി. ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കിയില്ല. പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ലോക്സഭ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലോക്സഭയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.


അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്‍റ് പുകഞ്ഞു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു.

ലോക് സഭ ചേര്‍ന്നയുടന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ നടപടികള്‍ തുടങ്ങണമെന്നും രാഹുലിന്‍റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.

Related News