പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ കൈമാറില്ല; സ്വകാര്യ വിവരങ്ങളെന്ന് സോളിസീറ്റർ ജനറൽ

  • 09/02/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.


ഗുജറാത്ത് സര്‍വകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നല്‍കിയത്. ഈ വിവരങ്ങള്‍ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. കേസില്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അരവിന്ദ് കെജ്രിവാളിന് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

വിവരാവകാശ നിയമ പ്രകാരം പൊതുതാത്പര്യമില്ലാത്ത സ്വകാര്യ വിവരങ്ങള്‍ കൈമാറാനാകില്ല എന്നായിരുന്നു ഇന്ന് ദില്ലി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. മൂന്നാമതൊരാള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി.

Related News