പുട്ടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ: സഹകരണം തുടരാൻ ധാരണ

  • 10/02/2023




ദില്ലി: പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ തലസ്ഥാനമായ മോസ്കോയിലായിരുന്നു കൂടിക്കാഴ്ച. 

ഉഭയകക്ഷി- പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യവും വിശദമായ ചർച്ച നടത്തിയതായി റഷ്യയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കം തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. റഷ്യ-യുക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം.

ബുധനാഴ്ച റഷ്യ ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ സെക്യൂരിറ്റി കൗൺസിൽ/എൻഎസ്എ സെക്രട്ടറിമാരുടെ അഞ്ചാമത് യോഗത്തിലും ഡോവൽ പങ്കെടുത്തു. ഭീകരവാദത്തിനായി അഫ്ഗാനെ ഉപയോഗിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കരുതെന്നും അഫ്ഗാൻ ജനതയെ ഇന്ത്യ ഒരിക്കലും കൈവിടില്ലെന്നും ഡോവൽ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സന്ദർശിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഡോവലിന്റെ സന്ദർശനം.

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപെടൽ വിപുലീകരിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. നിരവധി പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഉപരോധമേർപ്പെടുത്തിയപ്പോഴാണ് ഇന്ത്യ വ്യാപാരം ശക്തിപ്പെടുത്തിയത്. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണവും ശക്തമാണ്. 

Related News