അസുഖത്തെതുടർന്ന് ആശുപത്രിയിൽ എത്തി; കുഞ്ഞിന് ജന്മം നൽകി 15കാരി

  • 11/02/2023

ബുണ്ടി(രാജസ്ഥാന്‍): രാജസ്ഥാനില്‍ ഹെല്‍ത്ത് സെന്ററില്‍ 15കാരി കുഞ്ഞിന് ജന്മം നല്‍കി. നൈന്‍‌വാന്‍ നഗരത്തിലെ ബുണ്ടിയിലാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയായണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും കുഞ്ഞും ബുണ്ടി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.


വ്യാഴാഴ്ച വൈകുന്നേരമാണ് 15കാരി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത് പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പ്രസവിക്കാനായെന്നും കണ്ടെത്തി. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടി അവിവാഹിതയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് അറിയില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് കേസെടുത്തതായി നൈന്‍‌വാന്‍ പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ സുഭാഷ് ചന്ദ്ര പറഞ്ഞു.

തെലങ്കാനയിലും സമാന സംഭവം നടന്നിരുന്നു. രംഗ റെഡ്ഡി ജില്ലയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ 17 വയസ്സുള്ള ആണ്‍കുട്ടി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ഹൈദരാബാദിന് സമീപമുള്ള രാജേന്ദ്രനഗറില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. 13 വയസ്സുള്ള പെണ്‍കുട്ടി കടുത്ത വേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

Related News