സമ്ബാദ്യവും ബിസിനസും ഉപേക്ഷിച്ച്‌ സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും

  • 11/02/2023

ചിലര്‍ തങ്ങളുടെ ഓരോ നേട്ടവും ആഘോഷിക്കും. കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാക്കാന്‍ അത് ഊര്‍ജ്ജം പകരുമെന്നാണ് ഇത്തരമാളുകള്‍ മിക്കവാറും അവകാശപ്പെടുക. നേട്ടങ്ങള്‍ക്കെല്ലാമൊടുവില്‍, വളര്‍ച്ചയുടെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്ബോള്‍ ജീവിതത്തിന്‍റെ ആഘോഷത്തോട് തന്നെ അപൂര്‍വ്വം ചിലര്‍ക്ക് വിരക്തിയും തോന്നാം.


അത്തരം അസാധാരണമായ കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഉടലെടുത്ത് ലോകമെങ്ങും വ്യാപിച്ച ബുദ്ധമതത്തിന്‍റെ സ്ഥാപകനായ ഗൗതമ ബുദ്ധന്‍, തന്‍റെ രാജ്യം തന്നെ ഉപേക്ഷിച്ച്‌ ഇറങ്ങിയ രാജ കുമാരനായിരുന്നുവല്ലോ.

ഇത്തരത്തില്‍ സമ്ബന്നതയുടെ ഉയരത്തില്‍ നില്‍ക്കുമ്ബോള്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ സമ്ബാദ്യവും ബിസിനസും ഉപേക്ഷിച്ച്‌ സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയില്‍ തന്നെ, അങ്ങ് ഗുജറാത്തില്‍. ഇവര്‍ ജൈനമത വിശ്വാസികളാണ്. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ ഉടലെടുത്ത മതമാണ് ജൈനമതം.

ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്ബാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിന്‍റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുടുംബാംഗങ്ങള്‍.

ബാഹ്യ സമ്ബാദ്യങ്ങളില്‍ നിന്നും വിമുക്തി നേടി സന്യാസത്തില്‍ ആകൃഷ്ടരായി, അത്തരത്തില്‍ ഒരു ജീവിതം സ്വീകരിക്കാന്‍ ആഗ്രഹിച്ച്‌ കൊണ്ട് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഈ വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ്. മുമുക്ഷ് പീയൂഷ് കാന്തിലാല്‍ മേത്ത, ഭാര്യ പുര്‍വി ബെന്‍, മകന്‍ മേഘ് കുമാര്‍, അനന്തരവന്‍ കൃഷ്ണ കുമാര്‍ നികുഞ്ച് എന്നിവരാണ് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴില്‍ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഗുജറാത്തിലെ ടിന്‍ സിറ്റി ഗ്രൗണ്ടില്‍ ഗംഭീരമായ ദീക്ഷ സ്വീകരിക്കല്‍ ചടങ്ങാണ് സംഘടിപ്പിക്കുന്നത്.

Related News